പൊയ്മുഖങ്ങളാല്‍ കഥ പറയുമ്പോള്‍
അരങ്ങില്‍ പൊയ്മുഖങ്ങള്‍ സത്യമേ പറയൂ. അതാണ് ടെറി കണ്‍വേഴ്‌സിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ, നാടക സംവിധാനത്തിനുള്ള ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുമായി ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഡോ. ടെറി തിരഞ്ഞെടുത്ത വിഷയം, "രംഗാഭിനയത്തില്‍ മുഖംമൂടികളുടെ പ്രയോഗസാദ്ധ്യതകള്‍ എന്നതാണ്. വ്യത്യസ്ത ഭാവങ്ങളിലും വലിപ്പത്തിലുമുള്ള 30 മാസ്‌കുകളടങ്ങിയ ഒരു വലിയ പെട്ടിയുമായാണ് ടെറി കൊച്ചിയില്‍ വിമാനമിറങ്ങിയത്. ചിരിക്കുകയും കരയുകയും പരസ്പരം കളിയാക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന, വ്യത്യസ്ത ഭാവങ്ങള്‍ ഒന്നിച്ചുകഴിയുന്ന പെട്ടി. എയര്‍പോര്‍ട്ടിലെ സുരക്ഷാസ്‌കാനറുകളില്‍ ആ പെട്ടി തെളിഞ്ഞപ്പോഴൊക്കെ ആളുകള്‍ക്ക് കൗതുകമായി.
അമേരിക്കന്‍ നാടക സംവിധായകനും വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗം എമിറേറ്റ്‌സ് പ്രൊഫസറുമാണ് ഡോ. ടെറി ജോണ്‍ കണ്‍വേഴ്‌സ്. ഇപ്പോള്‍ പ്രൊഫസര്‍ ചന്ദ്രദാസന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ ലോകധര്‍മ്മി നാടക കേന്ദ്രത്തിനുവേണ്ടി അഭിനയ പരിശീലനക്കളരിയുമായി ബന്ധപ്പെട്ട് സജീവമാണ് അദ്ദേഹം. ചന്ദ്രദാസനുമായി ചേര്‍ന്ന് എലിഫന്റ് മാന്‍ എന്ന നാടകത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുന്നു. അമേരിക്കന്‍ നാടകകൃത്തായ ബര്‍ണാഡ് പോമറാന്‍സ് 1977 ല്‍ എഴുതിയ എലിഫന്റ് മാന്‍, ഗജമനുഷ്യന്‍ എന്ന പേരിലാണ് ഡോ.ടെറിയും ചന്ദ്രദാസനും ചേര്‍ന്ന് ചിട്ടപ്പെടുത്തുന്നത്. ഇന്തോ-അമേരിക്ക വിദ്യാഭ്യാസ ഫൗണ്ടേഷന്റെ 6 മാസത്തെ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചാണ് ഡോ.ടെറി ആദ്യമായി ഇന്ത്യയിലെത്തിയിട്ടുള്ളത്.
നിങ്ങള്‍ നിങ്ങളായിരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങളില്‍ നിങ്ങളില്ലെന്നും മറിച്ച്, നിങ്ങളൊരു മുഖമറയ്ക്കു പിന്നിലാവുമ്പോള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ നിങ്ങളെ സംബന്ധിച്ചു സത്യമാണെന്നുമുള്ള ഓസ്‌കാര്‍ വൈല്‍ഡിന്റെ വാചകത്തില്‍ ഉറച്ചു വിശ്വസിക്കുന്നു ടെറി. അണിയുന്നവരിലും കാണുന്നവരിലും ഒരുപോലെ ദുരൂഹതയും കൗതുകവും ഉണര്‍ത്തുന്ന ഒരു സാര്‍വ്വദേശീയ കലാരൂപമാണ് മുഖംമൂടി. അതിനാല്‍ത്തന്നെ, മനുഷ്യചരിത്രത്തിലുടനീളം വിവിധ സംസ്‌കാരങ്ങളില്‍ മുഖംമൂടിനിര്‍മ്മാണമുണ്ടെന്ന് ഡോ. ടെറി പറയുന്നു. ഒരാളുടെ വ്യക്തിത്വത്തെ അയാളുടെ മുഖാവരണം വിദഗ്ധമായി ഒളിച്ചുവയ്ക്കുമെന്ന, വിഖ്യാത മന:ശാസ്ത്രജ്ഞന്‍ കാള്‍ യുങ്ങിന്റെ അഭിപ്രായത്തെയും ടെറി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു.
നാടകത്തെ ഒന്നാം താല്‍പര്യമായി കൊണ്ടുനടക്കുന്ന ടെറിയുടെ രണ്ടാമത്തെ താല്‍പര്യം തിരമാലകള്‍ക്ക് മീതെയുള്ള വിന്‍ഡ് സര്‍ഫിങ്ങാണ്. അക്ഷരം പഠിക്കുന്നതിനു മുമ്പേ താന്‍ അഭിനയമാണ് പഠിച്ചതെന്നു പറയുന്ന ഈ സംവിധായകന്റെ നാടകവഴികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ഓപറ സംഘങ്ങള്‍ക്കും വേണ്ടി സംവിധാനം നിര്‍വഹിച്ചിട്ടുളള ഡോ. ടെറിയുടെ സംവിധാന സംരംഭങ്ങള്‍ ഇക്വസി, ഗോള്‍ഡന്‍ ഏജ്, ഡെത്ത് ആന്‍ഡ് ദ കിംഗ്‌സ് ഹോഴ്‌സ്, ടെമ്പസ്റ്റ്, മാക്ബത്ത് , ആന്റിഗണി, മിഡ്് സമ്മര്‍ നൈറ്റ്‌സ് ഡ്രീം, ഗോഡ്‌സ് കണ്‍ട്രി എന്നിവയാണ്. നമുക്ക് അത്രത്തോളം പരിചിതമല്ലാത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഡോ. ടെറി സംസാരിക്കുന്നു...
നാടക താല്‍പര്യം എങ്ങനെയുണ്ടായി ?
ഞാന്‍ നാടകത്തിലാണ് വളര്‍ന്നത്. അച്ഛന്‍ ജോണ്‍ കണ്‍വേഴ്്‌സ് നാടക സംവിധായകനായിരുന്നു. അതുകൊണ്ട് വായിക്കാനറിയുന്നതിനു മുമ്പേ, മറ്റാരെങ്കിലും പറഞ്ഞുതരുന്ന വാചകങ്ങള്‍ മന:പാഠമാക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്.
അമേരിക്കയില്‍ നാടകങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു ?
അവിടെ നാടകവേദി മുഖ്യമായും ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചാണ്. ഇന്ത്യന്‍ നാടകവേദിയെ സംബന്ധിച്ച് എനിക്കിഷ്ടപ്പെട്ടത് അതിവിടത്തെ ഗ്രാമങ്ങളിലെ ജനജീവിതത്തിന്റെ ഭാഗമാണെന്നതാണ്. എന്നാല്‍ അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കലയും നാടകവുമൊന്നും പൊതുവെ ആദരണീയമല്ല. ഞങ്ങളുടെ സ്‌കൂളുകളിലും മറ്റും കായികമത്സരങ്ങള്‍ക്കാണ് മുന്‍തൂക്കം.
അമേരിക്കയിലെ നാടകാവതരണങ്ങള്‍, വേദികള്‍, അവയുടെ സ്വഭാവം, പ്രേക്ഷക പങ്കാളിത്തം എന്നിവയെക്കുറിച്ച് ?
അവതരണങ്ങളും വേദികളും ഓരോ നഗരത്തെയും സംഘത്തെയും സംബന്ധിച്ച്്് വ്യത്യസ്തമാണ്. അപ്പോഴും നാടകത്തിന്റെ കേന്ദ്രം ന്യൂയോര്‍ക്ക് നഗരം തന്നെ. അതിലെനിക്കുള്ള ഒരു നിരാശ, ഉയര്‍ന്ന ടിക്കറ്റ്് നിരക്കാണ്. 150 നും 300 നുമിടയ്ക്ക് ഡോളര്‍ വരുമത്. അതിനാല്‍ നാടകം അവിടെ സമൂഹത്തിലെ ഉന്നതര്‍ക്കു മാത്രമുള്ള വിനോദമാവുന്നുണ്ട്. നേരെ മറിച്ചാണ് കൊച്ചിയിലെ സ്ഥിതി. ഇവിടെ ധാരാളം അവതരണങ്ങളുണ്ടാവുന്നു. എല്ലാം താങ്ങാവുന്ന നിരക്കിലാണ്. സൗജന്യപ്രവേശനവും അനുവദിക്കുന്നു.
അമേരിക്കന്‍ നാടകവേദിയില്‍ അവിടത്തെ സാമൂഹിക ജീവിതം എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് ?
രചയിതാവും സംവിധായകനും അഭിനേതാക്കളും ഒരുമിച്ച് സാമൂഹിക ജീവിതത്തില്‍ നിന്ന് പലതും പകര്‍ത്തുമ്പോഴാണ് മികച്ച നാടകവേദി അണ്ടാവുന്നത്. അമേരിക്കക്കാര്‍ അത്തരമൊന്നിനെക്കുറിച്ച് ഇനിയും ബോധപൂര്‍വം ചിന്തിച്ചുതുടങ്ങിയിട്ടില്ല.
നിങ്ങളുടെ നാടകവേദി എത്രത്തോളം രാഷ്ട്രീയപരമാണ് ?
അമേരിക്കയെ സംബന്ധിച്ച് രാഷ്ട്രീയ നാടകവേദിയുടെ ജനപ്രിയത, പൊതുതാല്പര്യത്തിനൊപ്പം വന്നും പോയുമിരിക്കുന്നു.
അവ എത്രത്തോളം സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തീര്‍ച്ചയായും കുറച്ചൊക്കെ ബന്ധമുണ്ട്. ഉദാഹരണത്തിന് സ്‌പൈഡര്‍മാന്‍ എന്ന സിനിമ പിന്നീട് നാടകമായി. സ്‌പൈഡര്‍മാന്റെ നാടകരൂപാന്തരം ചെലവേറിയ ഒരു വന്‍ പരാജയമായിരുന്നു. ഗൂഗിളില്‍ നിന്ന് നിങ്ങള്‍ക്കതിന്റെ രസകരമായ, എന്നാല്‍ ഞെട്ടിപ്പിക്കുന്ന അനുഭവവിവരണം കിട്ടും.
പുറംലോകത്തിന് അമേരിക്ക ഇപ്പോഴും പണത്തിന്റെയം വിശ്വാസത്തിന്റെയും നാടാണ്. പുതിയ ലോകക്രമത്തിനായുള്ള പ്രതിഷേധങ്ങള്‍ക്ക് അവിടെ സാധ്യത കുറവ്. എന്നാല്‍ ലോകമെങ്ങും നാടകവേദി, ജനവിരുദ്ധതയ്‌ക്കെതിരായ പ്രതിരോധവും പ്രതിഷേധവുമായാണ് വളര്‍ന്നുവന്നത്. സാഹചര്യം ഇതായിരിക്കെ, അമേരിക്കയില്‍ നാടകവേദി എത്രത്തോളം ശക്തവും പ്രതികരണപരവുമാണ്. അത് കേവലം സൗന്ദര്യാംശത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതാണോ ?
അമേരിക്കയില്‍ പ്രതിഷേധം വേണ്ടിവരുന്ന നിരവധി സാഹചര്യങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഒക്യുപൈ അമേരിക്ക പോലുള്ളവ ലോകം കണ്ടതാണ്. ഇതില്‍ പലതും നാടകവേദിയിലെത്തേണ്ടതായിരുന്നു. എന്നാല്‍ അതു വേണ്ടത്ര ഉണ്ടായില്ല.
ഭാരതീയ അഭിനയരീതികളെ എങ്ങനെ കാണുന്നു ?
ഞാനവയെ അടുത്തറിയാന്‍ ശ്രമിക്കുകയാണ്. ചന്ദ്രയുടെ (പ്രൊഫ. ചന്ദ്രദാസന്‍) വിവരണങ്ങള്‍ക്കൊപ്പം ഒരു കഥകളി ആസ്വദിയ്ക്കാന്‍ ഈയിടെ അവസരമുണ്ടായി. നല്ല അനുഭവമായിരുന്നു. കൂത്തമ്പലത്തിലെ അവതരണങ്ങളും കണ്ടു. ഭാരതീയ രസസങ്കല്‍പ്പത്തില്‍ എനിക്കു പ്രത്യേക താത്പര്യമുണ്ട്. രസസിദ്ധാന്തത്തെക്കുറിച്ച് ചന്ദ്രദാസനെഴുതിയ ഒരു ലേഖനം ഏറെ പ്രയോജനപ്പെട്ടു. പാശ്ചാത്യ നാടകവേദിയിലെ വികാര വിരേചന സിദ്ധാന്തത്തില്‍ (cathasrys theory) നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയ രസസിദ്ധാന്തം. എറെ രസകരവുമാണത്.
കേരളീയമായ അഭിനയശൈലികളെ എങ്ങനെ കാണുന്നു ?
അനുഷ്ഠാനപരമാണത്. ഏറെ ശാരീരികവും. മഹാഭാരതം പോലുള്ള ഇതിഹാസങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു.
"Directing for the stage" എന്ന താങ്കളുടെ പുസ്തകത്തെക്കുറിച്ച് ?
പടിപടിയായി സംവിധാനം പഠിയ്ക്കാന്‍ സഹായിക്കുന്ന ഒരു ടെക്സ്റ്റ് കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാനീ പുസ്തകമെഴുതിയത്. സംവിധാനം പരിശീലിപ്പിക്കുന്നത് എപ്പോഴും പരീക്ഷണാര്‍ത്ഥമായിരിക്കണം. അതിന് വളരെ സൂക്ഷമമായി ചിട്ടപ്പെടുത്തിയ, പരസ്പരബന്ധിതമായ വ്യായാമരീതികളുണ്ട്.
താങ്കള്‍ മുഖംമൂടികളുടെ പ്രയോഗത്തിലും നിര്‍മ്മാണത്തിലും പ്രത്യേക വൈദഗ്ദ്ധ്യമുള്ള സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. നാടകത്തില്‍ മുഖംമൂടികളുടെ പങ്കെന്താണ് ?
നാടകാവതരണത്തില്‍ മുഖംമൂടികള്‍ക്ക് നിരവധി ഉപയോഗസാദ്ധ്യതകളുണ്ട്. പക്ഷെ, താങ്കളുടെ ചോദ്യം മികച്ചതാണ്. കാരണം, നാടകത്തില്‍ മുഖംമൂടികള്‍ ഉപയോഗിക്കാന്‍ ശക്തമായ കാരണം വേണം. അങ്ങനെയല്ലെങ്കില്‍ അതൊഴിവാക്കുകയാണ് വേണ്ടത്.
എപ്പോഴാണ് മുഖംമൂടികളില്‍ ആകൃഷ്ടനായത് ?
1995 - 97 കാലഘട്ടത്തിലാണ് ആദ്യമായി മുഖംമൂടിയുപയോഗിച്ച് ഞാന്‍ ഒരു നാടകം സംവിധാനം ചെയ്യുന്നത്. സോഫോക്ലിസ്സിന്റെ "ആന്റിഗണി". അത് ശ്രദ്ധേയമായി. അതെനിക്ക് പ്രചോദനമായി. വാസ്തവത്തില്‍ ആഫ്രിക്കന്‍ ഗോത്രസമൂഹങ്ങളില്‍ നിന്നാണ് ഞാന്‍ മാസ്‌കുകളുടെ ശക്തിയും സ്വാധീനവും വൈവിധ്യവുമെല്ലാം മനസ്സിലാക്കുന്നത്. അവരത് ഗോത്രചിഹ്നമായും മരിച്ചവരുടെ പ്രതിരൂപമായുമെല്ലാം, അനുഷ്ഠാനങ്ങളിലും മറ്റു ചടങ്ങുകളിലുമൊക്കെ ഉപയോഗിക്കുന്നുണ്ട്.
"ആന്റിഗണി" മുതല്‍ എല്ലാ നാടകങ്ങളിലും പൊയ്മുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണോ?
ഇല്ല, തീര്‍ച്ചയായും അതങ്ങനെയല്ല. നാടകങ്ങളില്‍ രണ്ടു രീതിയിലാണ് പൊയ്മുഖങ്ങള്‍ ഉപയോഗിക്കാനാവുക. ഒന്ന്, അരങ്ങിലെ അഭിനയത്തിന്. രണ്ട്, അഭിനയപരിശീലനത്തിന്. ശക്തമായ ഒരു കാരണമില്ലെങ്കില്‍ അരങ്ങില്‍ അവ ഉപയോഗിക്കരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍, നാടകപരിശീലനത്തില്‍ ഞാനവ നിരന്തരമായി ഉപയോഗിക്കുന്നുണ്ട്്. കഴിഞ്ഞ പത്തു വര്‍ഷമായി ഞാന്‍ തന്നെ വികസിപ്പിച്ചെടുത്ത അഭിനയപരിശീലന സങ്കേതങ്ങളില്‍ മുഖംമൂടികള്‍ക്ക് ശക്തമായ സ്വാധീനവും സ്ഥാനവുമുണ്ട്. കാരണം, അരങ്ങില്‍ അഭിനേതാക്കള്‍ പലപ്പോഴും സംസാരിക്കുന്ന തലകള്‍ മാത്രമായി ചുരുങ്ങാറുണ്ട്. ശരീരത്തിന്റെ സാദ്ധ്യതകള്‍ ഒട്ടും പ്രയോജനപ്പെടുത്താതെയുള്ള ഈ രീതി നാടകത്തിനു ചേര്‍ന്നതല്ല. അതുകൊണ്ട്, ഈ പരിശീലനം ഒരു മാധ്യമമെന്ന നിലയില്‍ ശരീരത്തെ ഉപയോഗിക്കാന്‍ നടന് സഹായകമാവും.
എന്താണ് ഗജമനുഷ്യന്റെ പ്രസക്തി?
1975 ലാണ് ബര്‍ണാഡ് പോമറാന്‍സ് ഈ നാടകം പ്രസിദ്ധീകരിച്ചത്. ഒരു എഴുത്തുകാരനെന്ന നിലയില്‍ പോമറാന്‍സിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്ത രചനയാണിത്. ലോകമെങ്ങും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള "എലിഫന്റ് മാന്‍", 1980ല്‍ ചലച്ചിത്രമായും കാണികളെ ആകര്‍ഷിച്ചു. 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജീവിച്ചിരുന്ന, വിരൂപനായ ജോണ്‍ മെറിക്കിന്റെ കഥയാണ് ഈ നാടകം. സ്വന്തം തൊലിയിലും എല്ലിലുമുള്ള വൈരൂപ്യം നിമിത്തം, സമൂഹത്തില്‍ ഒറ്റപ്പെടല്‍ നേരിടേണ്ടിവരുന്ന മെറിക്ക്, ലണ്ടനിലെ വൈറ്റ് ചാപ്പല്‍ ആശുപത്രിയില്‍ ഡോ. ഫ്രഡറിക് ട്രെവ്‌സിന്റെ ചികിത്സയിലാവുന്നു. സഹതാപാര്‍ഹമായ ഒരു ജീവിതം എന്ന നിലയില്‍ നിന്ന് മെറിക്ക് പതുക്കെ നഗരത്തിലെ ഫലിതവും ആഢ്യത്വവും നിറഞ്ഞ ഉന്നതതല ജീവിതത്തിലേക്ക് എത്തിപ്പെടുന്നു. പക്ഷെ, എന്നെങ്കിലും തനിക്കും മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാവുമെന്ന മെറിക്കിന്റെ സ്വപ്‌നം ഒരിക്കലും യാഥാര്‍ത്ഥ്യമാവുന്നില്ല. അതുകൊണ്ടുതന്നെ, ഗജമനുഷ്യന്‍ എന്ന നാടകം, മറ്റൊരാളുടെ വൈകാരികാവസ്ഥയോട് അനുഭാവം പ്രകടിപ്പിക്കേണ്ടതിനെക്കുറിച്ചാണ്, മനുഷ്യസ്‌നേഹത്തെക്കുറിച്ചാണ്, പരിഗണനയെക്കുറിച്ചാണ്. മറ്റെന്നത്തേക്കാളും കൂടുതലായി ഇന്ന് നാമത് സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.
മുഖംമൂടികള്‍ അഭിനേതാവിന്റെ അഭിനയസാധ്യത ഇല്ലാതാക്കുന്നുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെ, അതെങ്ങനെയാണ് ഒരു മികച്ച രംഗവസ്തുവും വേഷവും ഉപകരണവുമൊക്കെയാകുന്നത് ?
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. മുഖംമൂടി ഉപയോഗിക്കുമ്പോള്‍ ഇതു സംഭവിക്കാം. ഞാന്‍ ചന്ദ്രദാസനുമായി ചേര്‍ന്ന് ലോകധര്‍മ്മിയില്‍ നടത്തുന്ന മുഖംമൂടി അഭിനയപരിശീലനക്കളരിയില്‍ ഇതു മറികടക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്.
ഇന്ത്യന്‍ ശൈലികളെല്ലാം അഭിനേതാവിന്റെ മുഖത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറഞ്ഞതുപോലെ, മുഖംമൂടികളുടെ ഉപയോഗമാകട്ടെ ഈ സാധ്യത ഇല്ലാതാക്കുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല അവസ്ഥയില്‍ ഗജമനുഷ്യന്‍ സംവിധാനം ചെയ്യുമ്പോള്‍ ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് വിചാരിക്കുന്നത് ?
ശരിയാണ്. ഭാവപ്രകടനത്തിനുള്ള പ്രത്യക്ഷ ഉപാധി മുഖം തന്നെ. മുഖത്തിന്റെ സാധ്യതകളെ ആശ്രയിക്കാതെ പ്രേക്ഷകരുമായുളള സംവേദനം നടീനടന്‍മാര്‍ പൊതുവെ നേരിടുന്ന പ്രശ്‌നമാണ്. കാല്‍പ്പാദങ്ങളും ഉപ്പൂറ്റികളുമുപയോഗിച്ച് എങ്ങനെ ഭയം അഭിനയിക്കാം, അല്ലെങ്കില്‍ ശരീരമാകെ ഉപയോഗിച്ച് എങ്ങനെ ചിരി അനുഭവിപ്പിക്കാം തുടങ്ങിയ അന്വേഷണങ്ങള്‍ പ്രസക്തമാണ്. മുഖംമൂടി പലതരമുണ്ട്- അര്‍ദ്ധ മുഖംമൂടികളും പൂര്‍ണ്ണ മുഖംമൂടികളും. എന്തായാലും മുഖംമൂടി നടന്റെ ഈഗോയെ ഇല്ലാതാക്കുന്നു. അതയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. വിദഗ്ദമായ പ്രയോഗത്തിലൂടെ അവയെ ഭാവപ്രകടനത്തിനുള്ള മികച്ച ഉപാധികളാക്കാന്‍ കഴിയും. ഒപ്പം, ശരീരം മുഴുവനുമുപയോഗിച്ചുള്ള ചലനങ്ങള്‍ അഭിനയത്തെ അസാധാരണ മാനങ്ങളിലെത്തിക്കാന്‍ സഹായിക്കും.
കൊച്ചിയിലെ ജീവിതം എങ്ങെന ?
ഇവിടെ എനിക്കിതൊരു മികച്ച അനുഭവമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നത്. നിരവധി സുഹൃത്തുക്കളെ ഇവിടെ കണ്ടെത്താനായി. പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹവും സഹായവുമാണ് ഈ സൗഹൃദങ്ങളൊക്ക പകര്‍ന്നുതരുന്നത്. ഞാനതിന്റെ ത്രില്ലിലാണ്.
ഗജമനുഷ്യന്‍ എന്നാണ് അവതരിപ്പിക്കുന്നത് ?
ഗജമനുഷ്യന്‍ എന്റെ ഫുള്‍ബ്രൈറ്റ് പ്രൊജക്ടാണ്. ഞാനും ചന്ദ്രദാസനും ചേര്‍ന്നാണ് അത് സംവിധാനം ചെയ്യുന്നത്. റിഹേഴ്‌സല്‍ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ. അതിനു മുമ്പായി അഭിനേതാക്കളെ ഒരുക്കുന്ന പരിശീലനക്കളരിയാണ് ഇപ്പോഴത്തേത്. ഈ കളരിയില്‍ മികച്ച നടീനടന്‍മാര്‍ നിരവധിയുണ്ട്. ഇവരില്‍ കുറച്ചുപേര്‍ ഗജമനുഷ്യനില്‍ അഭിനയിക്കുന്നു. അതോടൊപ്പം മറ്റുള്ളവരുടെ പരിശീലന നേട്ടങ്ങളെയും കഴിവുകളെയും രംഗത്തെത്തിക്കേണ്ടതുമുണ്ട്. അതിനു ഞങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെ "വിശ്വവിഖ്യാതമായ മൂക്ക് "എന്ന കഥയാണ്. അത് അവതരിപ്പിച്ച് ഒന്നര മാസം കഴിഞ്ഞാവും "ഗജമനുഷ്യന്‍" രംഗത്തെത്തുക. മിക്കവാറും ഡിസംബറില്‍.
ഡോ. ടെറിയെക്കുറിച്ചറിയാന്‍ റേറ്റ് മൈ പ്രഫസര്‍.കോം എന്ന വെബ്‌സൈറ്റില്‍ സര്‍ഫ് ചെയ്തപ്പോള്‍ ചില ശിഷ്യരുടെ അഭിപ്രായങ്ങള്‍ കിട്ടി. "ഈ മനുഷ്യന്‍ നിങ്ങളെ ചിന്തിക്കാന്‍ പഠിപ്പിക്കും, നിങ്ങളുടെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കും" എന്നൊക്കെയാണത്. ടെറിയുടെ പരിശീലനരീതികള്‍ അടുത്തുനിന്നു കണ്ടപ്പോള്‍ അതു ബോധ്യപ്പെടുകയും ചെയ്തു. ചിന്ത ആവശ്യമില്ലാത്ത അഭിനേതാക്കളെയല്ല, മറിച്ച് ചിന്തയും ശ്രദ്ധയും ശരീരത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന, അര്‍ത്ഥവത്തായ അഭിനയമാണ് ഈ നാടകക്കാരന്‍ വാര്‍ത്തെടുക്കുന്നത്. അന്യംനിന്നുവെന്ന് നാം അവഗണിക്കുന്ന ഒരു മഹാ കലാരൂപത്തിന്റെ പുതിയ പാഠങ്ങളും പദ്ധതികളുമാണ് 30 മുഖംമൂടികളുടെ ആ പെട്ടിയില്‍ നിന്നും ഡോ. ടെറി കണ്‍വേഴ്‌സ് പുറത്തെടുക്കുന്നത്.
മദന്‍ ബാബു