Thursday, November 29, 2012

പോളണ്ടിനെക്കുറിച്ചും പറയും പി.ജി

പോളണ്ടിനെക്കുറിച്ചും പറയും പി.ജി
പോളണ്ടിനെക്കുറിച്ചും പറയും പി.ജി



സാധാരണക്കാരന് പേരറിയാത്ത, ഭൂഗോളത്തിന്റെ ഏതോ കോണിലെ രാജ്യത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ പി.ജി പറയുന്നതു കേട്ട് ജ്ഞാനികള്‍ പോലും വായ പൊളിച്ചിരുന്നിട്ടുണ്ട്. അദ്ഭുതം ഇരട്ടിക്കുന്നത് അവിടെയല്ല. അതേ സൂക്ഷ്മതയോടെ പുല്ലുവഴി ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ചും പി.ജി പറയുന്നിടത്താണ്. അതുകൊണ്ട് ശ്രീനിവാസന്റെ "പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെ"ന്ന പ്രയോഗം പി ജിയോടു വേണ്ട... പി.ജി പോളണ്ടിനെക്കുറിച്ചും പറയും.

രാഷ്ട്രീയവും പുസ്തകവും എതിര്‍വഴികളിലായിപ്പോയ വര്‍ത്തമാനകാലത്ത് "പി.ജി" എന്ന പി. ഗോവിന്ദപിള്ള ഒരത്ഭുതമായിരുന്നു. പുസ്തകപ്രേമിയായ രാഷ്ട്രീയക്കാരനെന്നോ രാഷ്ട്രീയപ്രേമിയായ വായനക്കാരനെന്നോ പി.ജിയെ വിളിക്കാം. എന്നാല്‍ താനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണെന്നാണ് പി.ജി സ്വയം പറഞ്ഞത്. മലയാളിക്കു പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍, "സര്‍വവിജ്ഞാനകോശം" എന്ന "ഒറ്റവാക്ക് " പോരും.

1926 മാര്‍ച്ച് 25 ന് പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ജനിച്ച പി ഗോവിന്ദപിള്ള, ആലുവ യു സി കോളേജിലും മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലുമായി പഠിച്ചിറങ്ങുന്നതിനിടെ തന്നെ, "ക്വിറ്റ് ഇന്ത്യ" സമരവുമായി ബന്ധപ്പെട്ട് പലതവണ ജയിലിലായി. സ്വാതന്ത്യ പ്രസ്ഥാനത്തിലുള്ള ആ താല്‍പര്യം ക്രമേണ ഇടതുപക്ഷത്തേക്കും പിന്നീട് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വഴികളിലേക്കും നീണ്ടു. പുസ്തകവായനയിലും പി ജിയുടെ സഞ്ചാര വഴികള്‍ വിപുലവും വ്യത്യസ്തവുമായിരുന്നു. രാഷ്ട്രീയം, കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം, സംഗീതം, ഭരണം എന്നിങ്ങനെ അറിവിന്റെ സമസ്ത മേഖലകളിലും പുസ്തകങ്ങളായിരുന്നു ആ ധിഷണയ്ക്കു കൂട്ട്.

പി. ജി. ചലച്ചിത്ര വികസന കോര്‍പറേഷന്റെ സാരഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നത്. നീണ്ട 17 വര്‍ഷം ദേശാഭിമാനിയുടെ എഡിറ്ററായി ഇരുന്നുകൊണ്ട് പത്രപ്രവര്‍ത്തനരംഗത്തും പി ജിയുടെ പേന ക്രിയാത്മകമായി. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങള്‍ വായിക്കുകയും, ഒന്നിലേറെ പുസ്തകങ്ങള്‍ എഴുതുകയും ചെയ്യുമായിരുന്ന പി.ജിയുടെ ശേഖരത്തില്‍ മുപ്പതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്.

അന്റോണിയോ ഗ്രാംഷിക്കു ശേഷം ലോക മാര്‍ക്‌സിസ്റ്റ് ചിന്തകരിലൊരാളും കേരള മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികനുമായി അറിയപ്പെടുമ്പോഴും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ പി. ജി പരസ്യാഭിപ്രായം പറഞ്ഞിട്ടുണ്ട്- സൈലന്റ് വാലി പ്രശ്‌നത്തില്‍ പരിസ്ഥിതിവാദികള്‍ക്കൊപ്പമാണ് അദ്ദേഹം നിന്നത്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ കലാപത്തെ അടിച്ചമര്‍ത്തിയ ചൈനീസ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ സിപിഎമ്മിനെതിരായിരുന്നു പി.ജിയുടെ അഭിപ്രായം.


പക്ഷേ പി.ജി ഏറെ വിമര്‍ശിക്കപ്പെട്ടത് "എല്ലാവരിലുമുള്ള അവിശ്വാസമാണ് ഇ.എം.എസിനെ പലപ്പോഴും രക്ഷിച്ചതെ"ന്ന തുറന്നുപറച്ചിലിലാണ്. അറിവു പകര്‍ന്ന മുറിവിന്റെ കരുത്താവണം, വേദനയാവണം ഇങ്ങനെ തുറന്നുപറയാന്‍ പി.ജിയെ പ്രേരിപ്പിച്ചത്. അതു പക്ഷെ രാഷ്ട്രീയ കേരളം ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുവോ എന്നു സംശയമാണ്.

എഴുതുന്ന, വായിക്കുന്ന എല്ലാവര്‍ക്കും, അക്ഷരത്തിന്റെ അനുഗ്രഹം അസൂയ തോന്നിക്കുംവിധം കിട്ടിക്കൊളളണമെന്നില്ല. പക്ഷെ പി.ജിയെ അക്ഷരം കനിവോടെ ഒപ്പംനിര്‍ത്തിപ്പോന്നതാണ് ചരിത്രം. അതു പകര്‍ന്ന നേര്‍മ തന്നെയാണ്, തന്നെ ചോദ്യങ്ങളില്‍ കുടുക്കിയ മാധ്യമ പ്രവര്‍ത്തകനോടും, പ്രതിസന്ധിയില്‍ ഒപ്പംനില്‍ക്കാതിരുന്ന സഖാക്കളോടും, പാര്‍ട്ടിക്കു പുറത്ത് എം എന്‍ വിജയനോടും കലഹിക്കുമ്പോഴും സ്‌നേഹിക്കാന്‍ പി ജി യെ പ്രാപ്തനാക്കിയത്.

രാഷ്ട്രീയത്തെയും പുസ്തകത്തെയും ഒരുപോലെ ആത്മാന്വേഷണത്തിന്റെ ഉപാധികളാക്കിയ പി.ജി വിടപറയുമ്പോള്‍ നമുക്കു നഷ്ടമാവുന്നത് ഒരു സൈദ്ധാന്തികനെ മാത്രമല്ല, മഹാനായ നിരന്തരാന്വേഷിയെക്കൂടിയാണ്.



മദന്‍ ബാബു


1 comment:

  1. പി.ജിക്ക് പകരം വെയ്ക്കാൻ മറ്റൊരാളില്ല.

    ReplyDelete