വയലാലിലെ മങ്കൊസ്റ്റിന്‍ മരച്ചോട്ടിലേക്ക് പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെയെല്ലാം ആവാഹിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട വായനാലോകമാണ് അവിടെ നിന്ന് കെട്ടിപ്പടുത്തത്. "ബാല്യകാലസഖി"യും "ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു" വുമെല്ലാം ഏതെല്ലാം തരത്തില്‍ വായിക്കപ്പെട്ടുകഴിഞ്ഞു. പലതും സിനിമയും നാടകവുമായി. അക്കൂട്ടത്തില്‍ ഏറ്റവും പുതുതാണ് വിശ്വവിഖ്യാതമായ മൂക്കിന്റെ രംഗാവതരണം. കൊച്ചിയിലെ ലോകധര്‍മ്മി നാടകസംഘമാണ് മൂക്കന്റെ കഥ വേദിയിലെത്തിച്ചത്.

പലതുകൊണ്ടും പതുമ നിറഞ്ഞതായിരുന്നു ഈ നാടകം. അമേരിക്കന്‍ നാടകസംവിധായകനും വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗം എമിറേറ്റ്‌സ് പ്രൊഫസറുമായ ഡോ. ടെറി ജോണ്‍ കണ്‍വേഴ്‌സും ലോകധര്‍മ്മി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസനും ചേര്‍ന്നാണ് ബഷീറിന്റെ കഥയ്ക്ക് നാടകരൂപം നല്‍കി സംവിധാനം ചെയ്തത്.
മലയാളത്തിനൊപ്പം ജിബ്ബെറിഷ് (gibberish) അഥവാ ജല്‍പ്പനഭാഷയാണ് നാടകത്തിലുടനീളം ഉപയോഗിച്ചത്. "ഹുന്ത്രാപ്പി ബുസ്സാട്ടോ" പോലുള്ള "കിടിലന്‍" കഥകളെഴുതിയ ബഷീറിന്റെ ശൈലിക്ക് ഭാഷകൊണ്ടുള്ള അഭിവാദ്യമായി ഈ ജല്‍പ്പനഭാഷ. അവതരണത്തെ അന്താരാഷ്ട്ര സ്വഭാവത്തിലേക്കെത്തിക്കാനും ഇത് സഹായിച്ചു.
സാധാരണവെളിച്ചത്തിലായിരുന്നു മൂക്കിന്റെ അവതരണം. 14 അഭിനേതാക്കളാണ് രംഗത്തുവന്നത്. എല്ലാവരും മുഖംമൂടി ധരിച്ചിരുന്നു. രംഗസജ്ജീകരണങ്ങള്‍ മാറ്റുന്നിടത്തു മാത്രം പരിമിതമായി ഉപയോഗിച്ച ശ്രീവല്‍സന്‍ ജെ. മേനോന്റെ "നവരസതില്ലാന"യിലെ സംഗീതം, നാടകത്തിന്റെ പൊതുധാരയോട് ഏറെ ചേര്‍ന്നുനിന്നു. വലിയ രംഗസജ്ജീകരണങ്ങളോ ചമയങ്ങളോ ആലങ്കാരികതകളോ ഇല്ലാതെ, ബഷീര്‍കഥകളുടെ മട്ടില്‍ തികച്ചും ലളിതമായിരുന്നു അവതരണം. അതുകൊണ്ടുതന്നെ, ഈ രംഗാവതരണം ആദ്യവസാനം ബഷീറിയന്‍ ലോകത്തോടും ബഷീറിയന്‍ കാഴ്ചപ്പാടുകളോടും നീതിപുലര്‍ത്തുന്നതായിരുന്നു.
നാടകസംവിധാനത്തിനുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുമായി ലോകധര്‍മ്മിയിലെത്തിയതാണ് ഡോ. ടെറി കണ്‍വേഴ്‌സ്. ഫെലോഷിപ്പിന്റെ ഭാഗമായി, "എലിഫന്റ് മാന്‍" എന്ന നാടകം" ഗജമനുഷ്യന്‍" എന്ന പേരില്‍ അവതരിപ്പിക്കുന്നതിനുള്ള അഭിനേതാക്കളുടെ പരിശീലനക്കളരി ഡോ. ടെറിയുടെയും ചന്ദ്രദാസന്റെയും നേതൃത്വത്തില്‍ രണ്ടു മാസത്തിലേറെയായി നടന്നുവരികയായിരുന്നു. അതിന്റെ സമാപനത്തിലാണ് വിശ്വവിഖ്യാതമായ മൂക്കിന്റെ രംഗാവതരണം.
ഒരു അടുക്കളക്കാരന്റെ മൂക്കിന് അയാളുടെ ഇരുപത്തിനാലാം വയസ്സില്‍ നീളം വയ്ക്കുന്നതും അങ്ങനെ അയാള്‍ പ്രശസ്തനും ധനികനുമാകുന്നതും തുടര്‍ന്ന് രാഷ്ടീയപാര്‍ട്ടികളും ഭരണകൂടവും അയാളെ കൈയ്യടക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് വിശ്വവിഖ്യാതമായ മൂക്കില്‍, കറുത്ത ഹാസ്യത്തില്‍ ചാലിച്ച് ബഷീര്‍ പറഞ്ഞുവച്ചിട്ടുള്ളത്. കഥയിലെ ചിരിയുടെ ഈ കാമ്പിനെ രംഗചലനങ്ങളിലും പ്രമേയാവതരണത്തിലുമെല്ലാം കാക്കാന്‍ അവതാരകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മൂക്കനും അമ്മയും തമ്മിലുള്ള അഭിനയത്തിന്റെ രസതന്ത്രം എടുത്തുപറയേണ്ടതാണ്. വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിതത്തിലുമുള്ള പത്രമാധ്യമങ്ങളുടെ ഇടപെടല്‍, പട്ടാളത്തെക്കാണിച്ച്, നാം നിങ്ങളെ അഹിംസാമാര്‍ഗ്ഗത്തില്‍ നേരിടുമെന്ന, കലാപകാരികളോടുള്ള പ്രസിഡണ്ടിന്റെ പ്രഖ്യാപനം എന്നീ രംഗങ്ങള്‍ മികച്ചതായി.
അപ്പോഴും കാഴ്ചയിലെ ചില അഭംഗികള്‍ പറയാതെ വയ്യ. പ്രധാനം അഭിനേതാക്കളുടെ വേഷമായിരുന്നു. പഴയ കോറസ് ശൈലിയിലുള്ള മുഴുനീള കറുപ്പ് വിരസമായി. മറ്റൊന്ന്, മുഖംമൂടി ധരിച്ചതിനാല്‍ സംഭാഷണത്തില്‍ വന്ന അവ്യക്തതയാണ്. അതൊന്നും പക്ഷേ, പ്രശസ്തി + അധികാരം + ആള്‍ക്കൂട്ടം = ജീവിതം എന്ന ബഷീറിയന്‍ പരിഹാസത്തെ അര്‍ഹിക്കുന്ന രുചിയോടെ കാണികളിലെത്തിക്കാന്‍ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും തടസ്സമായില്ല.
മൂക്കനായി വി.ആര്‍. സെല്‍വരാജ് വേഷമിട്ട നാടകത്തില്‍, ചാരു നാരായണന്‍, കെ. എന്‍. മീനാക്ഷി, സുജിത് കൊല്ലം, ജോളി ആന്റണി, ജോണി തോട്ടുങ്കല്‍, ആദിത്യ കെ.എന്‍, ഷൈജു.ടി.ഹംസ, ജെന്‍സണ്‍ സേവ്യര്‍, ടോണി ചാക്കോ, അനീഷ് പോള്‍, സുനീഷ്‌കുമാര്‍. എസ്, വി.എ. ചന്ദ്രന്‍ എന്നിവരും അരങ്ങിലെത്തി.
മദന്‍ ബാബു
ഫോണ്‍ : 97440 12399


No comments:
Post a Comment