Monday, November 19, 2012

മലയാളത്തിന്റെ എഴുത്തമ്മ

മലയാളത്തിന്റെ എഴുത്തമ്മ

മലയാളത്തിന്റെ എഴുത്തമ്മ




ഭാഷയുടെ എഴുത്തമ്മ എന്ന് മലയാളി ആരെയെങ്കിലും വിളിക്കുമെങ്കില്‍ തീര്‍ച്ചയായും അത് ഡോ. എം. ലീലാവതിയെയാവും. അത്രമേല്‍ ജാഗ്രതയോടെ അക്ഷരത്തെ ഉണര്‍ന്നിരുന്ന് സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആ അമ്മയ്ക്കാണ് ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരമെന്നത് ഭാഷയെ സ്‌നേഹിക്കുന്ന മലയാളിക്ക് സന്തോഷമേകുന്നു. പഠിച്ചും പഠിപ്പിച്ചും നിരൂപിച്ചും നിരൂപിപ്പിച്ചും, പക്ഷപാതങ്ങളേതുമില്ലാതെ മലയാളത്തിന്റെ അക്ഷരത്തറവാട്ടില്‍ കുലീനമാതാവായി അവരങ്ങനെ നിലകൊള്ളുന്നു. അത് ഭാഷയുടെ നന്മയാണ്.

ആറു പതിറ്റാണ്ട് മുമ്പാണ് ഡോ. എം. ലീലാവതി എഴുതിത്തുടങ്ങിയത്. അതേ ഊര്‍ജ്ജത്തോടെ അവര്‍ ഇപ്പോഴും എഴുതുന്നു. അതേ തെളിമയോടെ, ഗരിമയോടെ ഇന്നും പ്രസംഗിക്കുന്നു. മാണ്ഡൂക്യോപനിഷത്തിനെയും ജി ശങ്കരക്കുറുപ്പിന്റെ കവിതകളെയും ആഴത്തില്‍ പഠിച്ച ആ അന്വേഷണത്വര, ഇന്ന് ചുള്ളിക്കാടിനെയും ബി. മുരളിയെയും കേള്‍ക്കാനും വായിക്കാനും തയ്യാറെടുത്തു നില്‍ക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ ഭാഷാ വാരാചരണത്തിന്റെ ആദ്യദിനം.

രാവിലെ പരിപാടി ഉത്ഘാടനം ചെയ്ത ടീച്ചര്‍, ഉച്ചയ്ക്കു ശേഷം നടന്ന കവിയരങ്ങില്‍ പുതുകവികളുടെയെല്ലാം സൃഷ്ടികള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ആദരവോടെ മാത്രം കാണാവുന്ന കാഴ്ചയായിരുന്നു. അതാണ് ലീലാവതി ടീച്ചര്‍ . പഴമയുടെ മണ്ണിലാണ്ട വേരിന്റെ കരുത്തും പുതുമയുടെ ആകാശം തേടുന്ന തളിരിന്റെ തെളിച്ചവും ഒന്നുചേര്‍ന്നതാണ് ടീച്ചറുടെ ധിഷണയെന്ന് ഒരുവരിയില്‍ പറയാം.

ഡോ. എം. ലീലാവതി
സാഹിത്യത്തില്‍ പൊതുവേ, തുടക്കക്കാര്‍ പല മേഖലയിലും ഒരുകൈനോക്കുമെങ്കിലും, അറിയപ്പെട്ടുതുടങ്ങുമ്പോള്‍ ഏതെങ്കിലുമൊരു വകഭേദത്തിലേക്ക് മാറിനില്‍ക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ ലീലാവതി ടീച്ചര്‍ തികച്ചും വ്യത്യസ്തയാണ്. കവിത, ദര്‍ശനം, കഥ, വ്യാകരണം, ശാസ്ത്രം, മനശ്ശാസ്ത്രം തുടങ്ങിയവയെല്ലാം ആ നിരൂപണ നൈപുണ്യത്തിനു വിഷയമായി.

ടീച്ചറെ കേട്ടിട്ടുള്ളവര്‍ക്കറിയാം, അവരുടെ പ്രഭാഷണങ്ങള്‍ മാത്രമല്ല, സ്‌നേഹവര്‍ത്തമാനങ്ങളും അറിവിന്റെ അക്ഷയഖനിയാണ്. നമ്മുടെ ഭാഷയോടുളള സ്‌നേഹം മറ്റൊന്നിനോടുള്ള വെറുപ്പാവരുതെന്നും പെണ്ണെഴുത്ത് പുരുഷവിരോധമല്ലെന്നും സാഹിത്യം ശാസ്ത്രത്തിനെതിരല്ലെന്നും ടീച്ചര്‍ വിശ്വസിക്കുന്നു. ഭാഷാസങ്കുചിതത്വമല്ല ഭാഷാസ്‌നേഹമാണ് വേണ്ടതെന്നാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്.

ചെറുതും വലുതുമായ ഓരോന്നിനും മറ്റൊന്നുമായുള്ള അനുപൂരകത്വമാണ് ലോകത്തിന്റെ ആവാസനീതിയെന്ന ദര്‍ശന സമഗ്രതയാണ് ഡോ. എം. ലീലാവതി. അതുതന്നെയാണ്, വായനക്കാരന് കൃതിയെയും, വിദ്യാര്‍ത്ഥിക്ക് വിഷയത്തെയും, എഴുത്തുകാരന് തന്നെത്തന്നെയും മനസ്സിലാക്കാനുതകുന്ന തെളിച്ചമുള്ള ഒരു വഴിച്ചൂട്ടായായി നിലനില്‍ക്കാന്‍ ഈ മഹാമനീഷിയെ പ്രാപ്തയാക്കുന്നതും.



മദന്‍ ബാബു


No comments:

Post a Comment