Sunday, July 15, 2012

മീശയില്ലാ മാധവന്‍ അഥവാ ഊശാന്‍താടി മലയാളി


ലാല്‍ ജോസിന്റെ മീശമാധവന്‍ നമ്മുടെ ജനപ്രിയ സിനിമകളിലൊന്നാണ്. അതിലെ മാധവന്‍ ആരെയെങ്കിലും നോക്കി മീശപിരിച്ചാല്‍ അന്ന് അയാളുടെ വീട്ടില്‍ നിന്ന് മാധവന്‍ എന്തെങ്കിലും മോഷ്ടിക്കുമെന്നാണ് ചേക്ക് ഗ്രാമത്തിലെ പ്രമാണം. അതു പഴയ കഥ. 
 
ഇപ്പോള്‍ കാലം മാറി, കഥയും മാറി. മീശകൊണ്ട് ആരെയും വിരട്ടേണ്ടതില്ലെന്ന് പുതിയ മാധവന്‍മാര്‍ തീരുമാനിച്ചിരിക്കുന്നു. മീശയില്ലാതെ താടിക്കുവേണ്ടി മാത്രം  അവര്‍ അരി ആഹാരം കഴിക്കുന്നു. അവര്‍ക്ക് ആരെയും വിരട്ടാനില്ല. ഒന്നും മോഷ്ടിച്ചു കടത്താനുമില്ല. അതു കൊണ്ടാണ് പുതിയ ചെറുപ്പക്കാര്‍ മീശ പിരിച്ച് വെറും ഊശാന്‍ താടി മാത്രം നീട്ടിവളര്‍ത്തി ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ എല്ലാവരുടെയും മുമ്പിലൂടെ നടന്നു പോകുന്നത്.  
 
അതെ, പുതുതലമുറ പയ്യന്‍സ് മീശയില്ലാ ഊശാന്‍താടിക്കാരാണ്. മൂക്കിനു താഴെ അങ്ങനെയൊരു ഇന്ത്യാ പാക് അതിര്‍ത്തി വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു (ലോ വെയ്‌സ്റ്റ് പാന്റ്‌സിട്ട് അരയ്ക്ക് താഴെയും അത്തരമൊരു അതിര്‍ത്തിരാഹിത്യത്തിന് ചില അപ്പിഹിപ്പികള്‍ തുനിഞ്ഞെങ്കിലും നമ്മുടെ യാഥാസ്ഥിതിക പോലീസ് അത് സമ്മതിച്ചുകൊടുത്തിട്ടില്ല).
 
അതെന്തായാലും മലയാളി ഇത്ര പെട്ടന്ന് മീശയെ പിഴുതെറിഞ്ഞ് ഊശാന്‍താടിക്കു മാത്രമായി വളമിടുമെന്ന് പഴയ നക്‌സലൈറ്റുകളാരും കരുതിയില്ല. കാരണം അവരൊക്കെ ഇപ്പോഴും ബുള്‍ഗാനില്‍ത്തന്നെ കുരുങ്ങിക്കിടപ്പാണ്. ബുദ്ധിമാനാണ്, ഗൗരവക്കാരനാണ്, ചെറുപ്പക്കാരനാണ് എന്നൊക്കെ തോന്നാന്‍ വേണ്ടിയാണ് ബുള്‍ഗാനില്‍ അഭയം തേടിയത്. പക്ഷെ പത്താം തരത്തില്‍ റാങ്കുവാങ്ങിയവനൊപ്പം പരീക്ഷ തോറ്റവനും കൊടി സുനിയും കര്‍മ്മാണി മനോജുമൊക്കെ ബുള്‍ഗാനികളായപ്പോള്‍ ആകെ അങ്കലാപ്പായി. അപ്പോഴിതാ മീശയേ വേണ്ട, ഊശാന്‍താടി മതിയെന്ന് ചില ചെഗുവേരകള്‍! 
 
മലയാളിയുടെ മീശപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വടക്കേ ഇന്ത്യന്‍ ഗോസായിമാരും ബംഗാള്‍ സഖാക്കളുമൊക്കെ വദനം രോമ രഹിതമാക്കിയപ്പോള്‍ നാമിവിടെ മുഖം നിറയെ രോമം കൃഷി ചെയ്യുകയായിരുന്നു. പിന്നെ ഇടയ്ക്ക് തിരശ്ശീലയിലെ സത്യനെപോലെ, നസീറിനെ പോലെ, മധുവിനെ പോലെ വരമീശക്കാരായി എന്നുമാത്രം.
 
പക്ഷെ ഇപ്പോഴത്തെ ഈ കാഴ്ച ആരെയും രസിപ്പിക്കും ഫോട്ടോയുടെ നെഗറ്റീവില്‍ നോക്കിയപോലെ ചെറുപ്പക്കാരുടെയൊക്കെ മുഖത്ത് വെളുക്കേണ്ടിടത്ത് കറുത്തും, കറുക്കേണ്ടിടത്ത് വെളുത്തുമിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാലറിയാം അതൊരു ചൈനീസ് ചന്തത്തിന്റെ തുടര്‍ച്ചയാണെന്ന്.
 
എന്തൊക്കെയായാലും മീശയില്ലാത്ത, ഊശാന്‍താടിക്കുട്ടന്‍മാര്‍, നെറ്റിസണുകള്‍ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാണെന്ന് പറയാതെ വയ്യ.  
 
ഓര്‍ത്തു നോക്കു, മീശ കളഞ്ഞ് ഊശാന്‍ താടിമാത്രം വളര്‍ത്തിയവരെ നാമിതുവരെ എവിടെയാണ് കണ്ടിട്ടുളളത്? അതെ അവരൊക്കെ ഒരു പ്രത്യേക സമുദായക്കാരായിരുന്നു, മത പണ്ഡിതരായിരുന്നു. എന്നാല്‍ ഇപ്പോഴത് ഒരു ഗ്ലോബല്‍ ബ്രാന്‍ഡായി. അതെ പുതുതലമുറ അതിരുകള്‍ മായ്ച്ചുകളയുന്നു. മീശയുപേക്ഷിച്ച്, ഊശാന്‍ താടി വച്ച്, ഇടയ്‌ക്കൊക്കെ ഊര്‍ന്നിറങ്ങുന്ന പാന്റ്‌സിട്ട്...

2 comments:

  1. ha ha ha . ഇതിനെയാണോ ജെനെറേഷന്‍ ഗ്യാപ് എന്ന് പറയുന്നേ ?

    ReplyDelete