Saturday, July 14, 2012

മരിച്ചവരുടെ മണ്ണ്‍


ഐവർമഠം ശ്മശാനം



 മരിച്ചവരെ കാത്തുകിടക്കുന്ന മണ്ണാണിത് ഐവർമഠം.
ജീവിതത്തിന്റെ കലഹവേഗങ്ങൾക്കൊടുവിൽ അനിവാര്യമായ മരണം കൂട്ടിനെത്തുമ്പോൾ ഏതൊരാളുടെയും അവസാനത്തെ കിടപ്പാടമാകുന്ന ആറടി മണ്ണ്... പ്രകൃതിയാൽ നിർമ്മിതമായ ശരീരം മരണശേഷം വെന്തെരിഞ്ഞ് പ്രകൃതിയിൽത്തന്നെ ചേരണമെന്ന വിശ്വാസം കാത്തുവെച്ച മണ്ണ്, ടക്കാലത്ത് പക്ഷേ, കലഹങ്ങളുടെ തട്ടകമായിരുന്നു.

കേരളത്തിലെ തൃശൂ ജില്ലയിൽ  തിരുവില്വാമല പഞ്ചായത്തിൽ ഭാരതപ്പുഴയോരത്താണ് ഐവർമഠം എന്ന ശ്മശാനം. റവന്യൂ രേഖകളിൽ 120ലേറെ വർഷത്തെ പഴക്കമുണ്ടത്രെ ശവസംസ്കാര കേന്ദ്രത്തിന്. രേഖകൾ പ്രകാരം 2.95 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന ശ്മശാനഭൂമി ഇന്ന് 70 സെന്റിലെക്കോതുങ്ങിയതിനു പിന്നിൽ മറ്റു പലതിനുമൊപ്പം പുഴ കൈയ്യേറുന്നവരുടെയും മണലൂറ്റുകാരുടെയും സ്ഥാപിത താല്പര്യങ്ങളുമുണ്ടെന്ന്, ഇവിടെ വർഷങ്ങളായി ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന ഐവർമഠം കോരപ്പത്ത് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രമേഷ് കോരപ്പത്ത് പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുപോലും മനുഷ്യ ജഡങ്ങള്‍  നിത്യനിദ്രക്കായ് ഇവിടെ എത്തിയിരുന്നു. ദിവസേന 25 മുതൽ 35 വരെ മൃതദേഹങ്ങൾ സംസ്കരിക്കപ്പെട്ടിരുന്ന  ആത്മവിദ്യാലയം ഇന്ന് തദ്ദേശവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത വിവിധ സംഘടനകൾ കോടതിയെ സമീപിച്ചു.

മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ വൈലോപ്പിള്ളി, .വി.വിജയൻ. വി.കെ.എൻ, നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ, കഥകളിയാചാര്യൻ കീഴ്പ്പടം കുമാരൻ നായർ, മേള പ്രമാണിമാരായ പല്ലാവൂർ അപ്പുമാരാർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ തുടങ്ങിയ പ്രമുഖരെയെല്ലാം അനന്തതയിലേക്ക് സ്വീകരിച്ച ഐവർമഠത്തിന് കാശിയിലെ മണികർണ്ണികാഘട്ട്, ഡല്ഹിയിലെ നിഗംബോധ്ഘട്ട്, കല്ക്കട്ടയിലെ കാളീഘട്ട് തുടങ്ങിയ ശവസംസ്കാര കേന്ദ്രങ്ങളുടെ നിരയിലാണിടം. പാണ്ഡവർ ഉദകക്രിയ ചെയ്ത ഭാരതപ്പുഴയുടെ തീരം എന്ന വിശ്വാസമാണ് ഐവർമഠം എന്ന പേരിനാധാരം. വിശ്വാസം ഒന്നു മാത്രമാണ് ഇങ്ങ് കേരളം മുതൽ അങ്ങ് മധ്യപൂർവേഷ്യ വരെയുള്ള എത്രയോ ശവഘോഷയാത്രകൾക്ക് ഇവിടം ലക്ഷ്യമായത്. കഴിഞ്ഞ 15 വർഷത്തിനിടക്ക് ഇവിടെ സംസ്കരിക്കപ്പെട്ടത് 1.5 ലക്ഷത്തോളം മനുഷ്യ ശരീരങ്ങളാണ്.

ശ്മശാനം പഞ്ചായത്തുകാർക്ക് മാത്രമെന്ന തിരുവില്വാമല പഞ്ചായതിന്റെ തീരുമാനത്തെ പിന്തുടർന്ന് കേരളത്തിലെ മറ്റു ചില തദ്ദേശഭരണ സ്ഥാപനങ്ങളും സ്വന്തം അതിർത്തിക്കകത്തെ ശവസംസ്കാര ഘട്ടങ്ങളെ തങ്ങളുടെ വോട്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. അങ്ങനെ മരണത്തിനും പ്രാദേശികത കൈവന്നു. ബദൽ സംവിധാനങ്ങളൊ ന്നും ഏർപ്പെടുത്താതെയാണ് ഭരണസ്ഥാപനങ്ങൾ ഇങ്ങനെ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം. ഒരു ജനതയുടെ സംസ്കാരത്തെയാകെ ഇല്ലാതാക്കാനാണ്  ശവസംസ്കാര ഘട്ടങ്ങൾക്കെതിരായ ഇത്തരം നീക്കങ്ങൾ നടത്തുന്നവരുടെ ശ്രമമെന്നാണ് അവരുടെ പക്ഷം. പക്ഷേ ശവം കത്തുമ്പോഴുണ്ടാകന്ന ദുർഗ്ഗന്ധവും മാലിന്യവും ഒരു ജനകീയ പ്രശ്നമായപ്പോഴാണ് അതിന് ചില നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. വാസ്തവം ഇതിനിടയിലെവിടെയെങ്കിലുമാവാം.

മനുഷ്യ ജഡം സംസ്കരിക്കാൻ രാസലായിനി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ആധുനിക കാലത്ത് പട്ടടകൾക്ക് മുകളിൽ ബഹുനില ഫ്ളാറ്റുകൾ ഐവർമഠത്തിലും ഉയർന്നേക്കാം.
മരിച്ച് മൂന്ന് മണിക്കൂറിനകം മനുഷ്യജഡം സംസ്കരിക്കണമെന്ന് ഹിന്ദുപുരാണങ്ങൾ നിഷ്കർഷിക്കുന്നു. ചത്തുകഴിഞ്ഞും ഉറ്റവരെ കാത്തുള്ള അനന്തമായ കിടപ്പ്, ഹിന്ദുവിന്, ചെയ്തുപോയ പാപങ്ങളുടെ ഫലമാണത്രെ. അതെന്തായാലും ജീവനറ്റ ശരീരം രോഗകാരിയോ രോഗാണുവാഹിയോ ആണെന്ന ശാസ്ത്രീയവശമുണ്ടതിൽ. ചിത കൊളുത്താൻ എത്താത്ത പുത്രനോ ഉറ്റവർക്കോ വേണ്ടി പുന:സംസ്കാരം എന്ന ഒരു ചടങ്ങുതന്നെയുണ്ട്. ദർഭപ്പുല്ലിനെ ശരീരമായി കണ്ട് ചെറിയ ചിതയൊരുക്കി കത്തിക്കുന്ന ചടങ്ങിനു വേണ്ടിയും ഐവർമഠത്തിൽ നിരവധി പേരെത്തുന്നുണ്ട്.
മരണം നടന്നു മൂന്നു മണിക്കുറിനകം സംസ്കരിക്കണമെന്ന ശാഠ്യത്തിൽ ഒളിപ്പിച്ചുവച്ച ശാസ്ത്രീയത കണക്കിലെടുത്താൽ ശവങ്ങളെ അധികം സഞ്ചരിപ്പിക്കാത്ത വിധം പ്രാദേശികമായി സംസ്കാരഘട്ടങ്ങൾ ഉണ്ടായി വരേണ്ടതുണ്ടെന്ന് ആർക്കും ബോധ്യമാവും. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ശാഠ്യങ്ങളിൽ ശാസ്ത്രീയതക്കല്ല വിശ്വാസങ്ങൾക്കാണ് ഇടം എന്നതിനാൽ മരിച്ചവരുടെ ശരീരങ്ങൾ ജീവിച്ചിരിക്കുന്നവരെ കാത്ത് ദിവസങ്ങളോളം കിടക്കുന്നു; എത്ര കാതം താണ്ടിയും വിശ്വാസത്തിന്റെ മഠങ്ങളിലും ഘട്ടങ്ങളിലുമെത്തുന്നു. അതുകൊണ്ടാവാം ജീവിച്ചിരിക്കുന്ന വിശ്വാസികളെ ഉദ്ദേശിച്ച് എഴുത്തച്ഛ്ന്‍   ഇങ്ങനെ കുറിച്ചത്..

ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞു പോയീടിലാം

No comments:

Post a Comment