മരിച്ചവന്‍റെ ഓർമ്മകളിൽ, തനിക്ക് ചിതയൊരുക്കിയവൻ ഉണ്ടാകുമോ? ഉണ്ടെങ്കിൽ ഒ.വി.വിജയനും വി.കെ.എന്നും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ സ്വന്തം ഓർമ്മകളിൽ ഇപ്പോഴും രമേഷിനെ സൂക്ഷിക്കുന്നുണ്ടാവും. കാരണം ആളകമ്പടികൾക്കും ആചാരവെടികൾക്കുമൊടുവിൽ വിതുമ്പുന്ന മനസ്സോടെ അവർക്കൊക്കെ ചിതയൊരുക്കി സംസ്കരിച്ചത് രമേഷ് കോരപ്പത്ത് എന്ന ഈ നാല്പ്പത്തിരണ്ടുകാരനാണ്.കാശിയിലെ മണികർണ്ണികാഘട്ട് മുതൽ, ശവശരീരത്തെ കഷ്ണങ്ങളാക്കി പക്ഷികൾക്ക് എറിഞ്ഞുകൊടുക്കുന്ന ടിബറ്റൻ ലാമമാരുടെ ശവസംസ്കാര സങ്കേതങ്ങളിലേക്കുവരെ രമേഷ് അലഞ്ഞുനടന്നിട്ടുണ്ട്; അവയെ അടുത്തറിഞ്ഞിട്ടുണ്ട്- ലോഭമോഹങ്ങളേതുമില്ലാതെ. സഹജീവി മരിക്കുമ്പോൾ ഏതൊരു സുമനസ്സിനും തോന്നുന്ന ജൈവികമായ അടുപ്പം കൊണ്ടുമാത്രം നാട്ടിലെ ഏതു മരണത്തിനും രമേഷ് കൂട്ടുപോയി. കൗതുകത്തേക്കാളേറെ സ്നേഹമായിരുന്നു അതിന്‍റെ പ്രേരണയെന്ന്‍ രമേഷിനെ അടുത്തറിയുന്നവർക്കറിയാം.കോളജിൽ ഇടതുസഹയാത്രികനായിരുന്നു രമേഷ്. ബിരുദാനന്തര ബിരുദം ചരിത്രത്തിൽ ആയിരുന്നു. ശേഷം പല തൊഴിലിടങ്ങളിലും ചെന്നെത്തി. നിഷേധിയുടെ പ്രകൃതം കൂട്ടായിരുന്നതിനാൽ എവിടെയും നിലയുറച്ചില്ല. പാർട്ടിക്കാരനായി, പത്രപ്രവർത്തകനായി, പട്ടാളക്കാരനായി. ഒന്നും ഏറെ നീണ്ടില്ല. അതിനെക്കുറിച്ച് ചോദിച്ചാൽ രമേഷ് പറയും“ എല്ലം സംഘടിത സ്വഭാവമുള്ള സ്ഥാപനങ്ങളാണ്. അതിന്‍റെ ചിട്ടകൾക്കകത്ത് നിന്നുപോരാനുള്ള കഴിവ് എനിക്കില്ല. അതറിഞ്ഞപ്പോൾ എവിടെയും നിലയുറച്ചുമില്ല”ശവം ദഹിപ്പിക്കുന്ന തൊഴിൽ താൻ തെരഞ്ഞെടുത്തതല്ല എന്ന് രമേഷ് പറയും. പക്ഷേ കഴിഞ്ഞ 14 വർഷക്കാലമായി ആ തൊഴിൽ ചെയ്യുന്നു. ഈ 14 വർഷക്കാലത്തിനിടയിൽ ഒന്നൊന്നര ലക്ഷം ജനങ്ങൾ രമേഷിനെ തേടിയെത്തിയിട്ടുണ്ട്. അതിൽ ലോകമറിയുന്നവർ മുതൽ നിസ്വരും അനാഥരും വരെയുണ്ട്. ജാത്യാതീതരായി ജീവിച്ചവർ മരണാനന്തരം ജഡത്തിനു് ജാതി ചാർത്തുന്നതും ശവത്തിന് വിലപറയുന്നതുമെല്ലാം കണ്മുന്നിൽ കണ്ടിട്ടുണ്ട് ഇയാൾ.ഇറാനിലെ കപ്പലപകടത്തിൽ മരിച്ചയാളെ ദിവസങ്ങൾക്ക് ശേഷം ഐവർ മഠത്തിൽ സംസ്കരിച്ചത് രമേഷിനു ഇന്നും നീറുന്ന ഓർമ്മയാണ്. എണ്ണക്കമ്പനിയിലെ ഒരുദ്യോഗസ്ഥനായിരുന്നു പരേതൻ. കപ്പലപകടത്തിന്‍റെ സ്വഭാവവും ദിവസങ്ങളുടെ പഴക്കവും കാരണം കടുത്ത ദുർഗന്ധമുണ്ടായിരുന്നു ആ ശരീരത്തിന്. വളരെ ശ്രമകരമായാണ് രമേഷും കൂട്ടരും അത് സംസ്കരിച്ചത്. അതിന് ശേഷം പരേതന്‍റെ ബന്ധുക്കൾ സംസ്കാരത്തിന്റെ ചിലവിനെ ചൊല്ലി രമേഷിനോട് കലഹിച്ചു. പിന്നീടാണ് അറിയുന്നത്, ഇറാനിലെ എണ്ണക്കമ്പനി മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കരിക്കാനും എത്രയൊ ഇരട്ടി തുകയാണ് ബന്ധുക്കളെ ഏല്പ്പിച്ചിരുന്നതെന്ന്‍.വി.കെ.എന്നുമായി അടുത്തിടപഴകാൻ കഴിഞ്ഞിരുന്നു രമേഷിന്. ഒ.വി.വിജയൻ വി.കെ.എന്നിനെ കാണാനെത്തിയാലുടൻ വി .കെ.എൻ രമേഷിനെ വിളിക്കും. റമ്മും ബീഡിയും മേടിച്ച് ഉടൻ എത്താനാണ് കല്പന. വടക്കെകൂട്ടാല എന്ന വി.കെ.എന് ന്‍റെ സാഹിത്യ സല്ലാപകേന്ദ്രത്തിലേക്കു രമേഷ് ഉടനെത്തും. പിന്നെ വി.കെ.എന്നിനും ഒ.വി.വിജയനുമൊപ്പം ഒരു സഹായിയായി രമേഷ് കൂടും. അതുകൊണ്ടുതന്നെ വി.കെ.എന്നിന്‍റെ ശരീരം ചിതയിലേക്കെടുത്തപ്പോൾ രമേഷിന് വിതുമ്പാതിരിക്കാനായില്ല.കത്തിത്തീർന്ന പട്ടടയിൽ മരിച്ചയാളുടെ പേരും സ്ഥലവും മുളങ്കുറ്റിയില്‍ കുറിച്ചുവയ്ക്കുന്ന പതിവുണ്ട് ഐവർമഠത്തിൽ. മരണാനന്തര കർമ്മങ്ങൾക്കു ചിത തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. ഒ.വി.വിജയന്‍റെ ചിതയെരിഞ്ഞിടത്ത് ‘ഒ.വി.വിജയൻ പാലക്കാട്’ എന്നെഴുതിയ മുളങ്കുറ്റി കണ്ടപ്പോൾ ലോകമറിഞ്ഞ ആ എഴുത്തുകാരന്‍റെ അവസാനത്തെ വിലാസം അതാണല്ലോ എന്ന ചിന്തയാണ് മനസിലെത്തിയതെന്ന്‍ രമേഷ് ഓര്ക്കുന്നു.ദിവസേന 20നും 30നുമിടക്ക് ശവസംസ്കാരങ്ങൾ നടന്നിടത്ത് ഇന്ന് ഐവർമഠത്തിൽ മരിച്ചവരെത്തുന്നത് ഒന്നോ രണ്ടോ മാത്രം. ശ്മശാനത്തിന്‍റെ സൗകര്യം പഞ്ചായത്ത് നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഒരു പ്രമേയം തിരുവില്വാമല ഗ്രാമപഞ്ചായത്ത് പാസാക്കിയതോടെയാണ് ഐവർമഠം വിവാദവിഷയമായത്. പഞ്ചായത്തിന്‍റെ തീരുമാനത്തെ കേരള സർക്കാർ എതിർക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്തു.പഞ്ചായത്തിലെ ഉന്നതരെ സ്വാധീനിച്ച് ചില തല്പരകക്ഷികളാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് രമേഷ് ആരോപിക്കുന്നു. ഹൈന്ടവ സംസ്കാരമെന്തെന്നറിയാത്ത ചിലരുണ്ട് ഇതിനു പിന്നിൽ. ഫ്ലാറ്റു ലോബിയും മണലൂറ്റുകാരും അവരെ സഹായിക്കുന്നു. മഹത്തായ ഒരു പ്രാക്തന സംസ്കൃതിയെ, അതിന്‍റെ കൂട്ടായ്മയെ നശിപ്പിക്കുന്നതിനുള്ള ചിലരുടെ ശ്രമമാണിതിനു പിന്നിൽ. ഇവരുന്നയിക്കുന്ന കാരണം മലിനീകരണമാണ്. പക്ഷേ, ഒരു ശവം കത്തുമ്പോൾ വായുവോ മണ്ണോ വെള്ളമോ മലിനപ്പെടുന്നില്ലെന്ന്‍ എല്ലാവർക്കുമറിയാം. പ്രത്യക്ഷ തെളിവുണ്ടായിട്ടും എൻഡോസൾഫാൻ നിരോധിച്ചിട്ടില്ലാത്ത നാട്ടിലാണ് ഒരു സംസ്കാര കേന്ദ്രത്തിനെതിരെ ഇങ്ങനെ തീരുമാനമെടുക്കുന്നതെന്നോർക്കണം. 120 വർഷത്തോളമായി നിലനില്ക്കുന്ന ഒരു സംസ്കാരകേന്ദ്രത്തിൽ ഇപ്പോഴാണോ മാലിന്യപ്രശ്നമുണ്ടായത്? രമേഷ് ചോദിക്കുന്നു. ഇപ്പോഴത്തെ ഈ നീക്കങ്ങൾക്കു പിന്നിൽ ആരുടെയോ രഹസ്യ അജണ്ടകളുണ്ടെന്നു രമേഷ് തറപ്പിച്ച് പറയുന്നു.സവർണ്ണ ഹിന്ദുവിന്‍റെതാണ് ഈ സംസ്കാര രീതിയെന്നാരോപിച്ച് അധ:സ്ഥിത ജനവിഭാഗങ്ങളെ ഇളക്കിവിടാനും ചിലർ ശ്രമിച്ചു- രമേഷ് പറഞ്ഞു തുടങ്ങി. പക്ഷെ, അവരോട് ഞാൻ പ്രതികരിച്ചത് ദളിതന്‍റെ ജഡവും സംസ്കാരയോഗ്യമാണ് എന്നു കാണിച്ചുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ സംസ്കാരരീതിയാണ് ദഹിപ്പിക്കൽ. അതിനു വേർതിരിവുകൾ ചാർത്തരുത്- രമേഷ് അഭിപ്രായപ്പെടുന്നു.പഞ്ചായത്തിന്‍റെ തീരുമാനത്തിൽ ഇത്രയേറെ വിയോജിപ്പുണ്ടായിട്ടും രമേഷ് കേസിൽ കക്ഷിചേർന്നില്ല. അതിനും രമേഷിന്‍റെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്
ഇതെന്‍റെ ജീവിതത്തിലെ ഒരു ഘട്ടമാണ്. 14 വർഷം ഞാനത് ചെയ്തു. ഒരു തൊഴിലെന്ന നിലക്കുള്ള വരുമാനമല്ലാതെ അമിതമായൊന്നും സ്വരൂപിച്ചിട്ടില്ല. ഒരു ശവം സംസ്കരിക്കുന്നതിന് ഞാൻ വാങ്ങിയിരുന്നതു 1800 രൂപയാണ്. ആ തുകക്കു ഈ സേവനം ചെയ്യാൻ പിന്നീട് പഞ്ചായത്തിനു പോലും കഴിഞ്ഞില്ല. എന്‍റെ വരുമാനങ്ങൾക്കെല്ലം ഓഡിറ്റ് ചെയ്യപ്പെട്ട രേഖകളുണ്ട്. ഹൈക്കോടതിയിൽ അവരതു സമർപ്പിച്ചതുമാണ്. മാത്രവുമല്ല ഞാൻ കേസിൽ കക്ഷിചേർന്നാൽ എന്റേത് ഒരു ബിസിനസ്സ് ആണെന്നും ഞാനതു സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ടാവും. അതുകൊണ്ടിനി മറ്റൊരു കർമ്മമേഖല“അടുത്തതെന്താണെന്ന ചോദ്യത്തിനും ഈ ചെറുപ്പക്കരന്‍ ഉത്തരമുണ്ട്.“ഞാനും അമ്മയുമടങ്ങുന്നതാണെന്‍റെ കുടുംബം. ട്യൂഷനെടുത്തോ പശുക്കളെ വളർത്തിയോ ജീവിതമാർഗ്ഗം കണ്ടെത്താൻ എനിക്കാവും. അതുമല്ലെങ്കിൽ നിങ്ങളിപ്പോൾ കാണുന്നതുപോലെ മരണാനന്തര ചടങ്ങുകളെ സംബന്ധിച്ച് ഫോണിലൂടെയും നേരിട്ടും നല്കുന്ന ഈ നിർദ്ദേശങ്ങൾക്ക് ഒരു കൺസൾട്ടൻസി ഫീസ് വാങ്ങിയാൽ പോലും എനിക്ക് ജീവിക്കാനാവും. തുടരെ തുടരെ വരുന്ന ഫോൺ കോളുകളെ ഉദ്ദേശിച്ച് രമേഷ് പറഞ്ഞു നിർത്തി.ഒരുപാടു ജീവിതങ്ങളുടെ അവസാനം ചിതയിൽ വെന്തുരുകുന്നത് കണ്ട ഒരാളെന്ന നിലയിൽ ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചാൽ വ്യത്യസ്തമായ ഒരഭിപ്രായമാണ് രമേഷ് പറയുക
-ഒരോ ജഡവും ജീവിതത്തിന്‍റെ വലിപ്പത്തെക്കുറിച്ചാണ് എന്നെ ഓർമ്മിപ്പിച്ചിട്ടുള്ളത്.

=====================
No comments:
Post a Comment