" അധികാരത്തിനെതിരായ മനുഷ്യന്റെ സമരം
മറവിയ്‌ക്കെതിരായ ഓര്‍മ്മയുടെ സമരമാണ് "
- മിലന്‍ കുന്ദേര
84 കാരനായ ഗാബോ, "ലിവിംഗ് ടു ടെല്‍ ദ ടെയില്‍" എന്ന തന്റെ ആത്മകഥാപരമായ കൃതിയുടെ രണ്ടാം ഭാഗത്തിന്റെ രചനയിലായിരുന്നു. 2002 ല്‍ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി ലോകമെമ്പാടും വായനക്കാര്‍ കാത്തിരിക്കുമ്പോഴാണ് ഗാബോയുടെ രോഗവിവരം പുറത്തുവരുന്നത്.
1967 ല്‍ 39 -ാം വയസ്സിലാണ് മാര്‍ക്വേസ്, മക്കൊണ്ട എന്ന സങ്കല്പ നഗരത്തിന്റെ കഥയുമായി " ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ " എഴുതുന്നത്. മാര്‍ക്വേസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച മക്കൊണ്ടയുടെ കഥ പിന്നീട് മുപ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. 30 മില്ല്യന്‍ കോപ്പികള്‍ വിറ്റുപോയ ഈ കൃതിയിലാണ്, പില്‍ക്കാലത്ത്, മാര്‍ക്വേസിയന്‍ മാന്ത്രികത എന്ന് ലോകം വാഴ്ത്തിയ മാജിക്കല്‍ റിയലിസം ഗാബോ അവതരിപ്പിക്കുന്നത്.
മാര്‍ക്വേസിന്റെ എല്ലാ കൃതികള്‍ക്കുമുണ്ട് ജീവിതഗന്ധിയായ രചനാനുഭവങ്ങള്‍. ലാറ്റിനമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ പരിസരവുമായി അടുത്തുനില്‍ക്കുമ്പോഴും അവയൊക്കെ നമ്മുടെ ചുറ്റുപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്നതും അതുകൊണ്ടാണ്.
മക്കൊണ്ടയിലെ ജോസ് ആര്‍ക്കേഡിയോ ബുവേണ്ടിയ എന്ന കാരണവരും ഭാര്യ ഉര്‍സുലയും ബുവേണ്ടിയ കുടുംബത്തിലെ നാലു തലമുറയുമെല്ലാം നര്‍മ്മത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കി അവതരിപ്പിക്കപ്പെട്ടത്, മലയാളിക്കും ഏറെ പ്രിയങ്കരമാണ്. മറക്കാതിരിക്കാന്‍ പശുവിന്റെ കഴുത്തില്‍ പശു എന്നെഴുതിതൂക്കുന്നമക്കൊണ്ടക്കാര്‍ പിന്നെ മേശയ്ക്കും വീട്ടുപകരണങ്ങള്‍ക്കുമെല്ലാം അതതിന്റെ പേരെഴുതി വയ്ക്കുന്ന ചിത്രം ഏറെ രസകരമാണ്.