നനവാണെല്ലാടവും
നിനവിലും
നിലവറയിലും
കനവിലും
കലവറയിലും
നനവാണ്. . .
'ഇനിയുമുണ്ടാവില്ല
ഞാനോരിടവപ്പാതി കൂടി
നിന്നെക്കാണുവാന്‍'
പറഞ്ഞു തോര്‍ന്നുവോ മുത്തശ്ശി
ഇമകളെ ഉഴിഞ്ഞുറക്കാം
ഇല നീളത്തിലെയ്ക്കെടുത്തു
വയ്ക്കാമീ കബന്ധം . . .
നിലവിളക്കും നിറതിരിയുമായി
പടിയിറക്കാമിനിയീ
പഴംതുണിക്കെട്ടിനെ . .
അപ്പോഴും,
തോര്‍ന്നും തോരാതെയും
തീരാതെ കരയുന്നു
പുറത്ത് മഴമകള്‍
ഇനി
മുറിപൂട്ടി പുറത്തേയ്ക്ക്
പുറം പൂട്ടിയകത്തെയ്ക്ക് . . .
അല്ല,
ഏതു കാലത്തേയ്ക്ക്
ഞാനെടുത്തു കിടത്തുമെന്ടെയീ
തഴപ്പായക്കൂട്ടിനെ . . .
നനവാണെല്ലാടവും
പാടത്തും പറമ്പിലും
പട്ടടയിലും നനവാണ് . . .
മതി,
കബന്ധമേ മതി,
ഇനി കര്‍ക്കിടകത്തിന്റെ
കടവില്‍
ഒരു കാക്കയായ്
വന്നെന്നെ
കാത്തുകൊള്‍ക നീ . . .
No comments:
Post a Comment